റിയാദ്. ട്രാവൽ റീട്ടെയ്ൽ രംഗത്തേക്കുള്ള അരങ്ങേറ്റമായി അൽ വാഹ ഡ്യൂട്ടി ഫ്രീ എന്ന പേരിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി സ്ഥാപിച്ചു. സൗദി ഉടമസ്ഥതയിലുള്ള ആദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഓപ്പറേറ്ററാണ് അല്‍വാഹ ഡ്യൂട്ടി ഫ്രീ. ട്രാവൽ റീട്ടെയിൽ രംഗത്ത് ദേശീയ തലത്തിൽ ഒന്നാമെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആഡംബര റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ തുറക്കാനാണു പദ്ധതി. ഉയർന്ന ഗുണനിലവാരമുള്ള സൗദി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാക്കും. എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ അടിസ്ഥാനത്തിലായിരിക്കും അൽ വാഹ ഷോപ്പുകൾ പ്രവർത്തിക്കുക. വിമാനത്താവളങ്ങൾക്കു പുറമെ ഇൻഫ്ളൈറ്റ് ഷോപ്പിങ് സംവിധാനം, തുറമുഖങ്ങളിലും അതിർത്തി റോഡ് ക്രോസിങ്ങുകളിലും ഷോപ്പുകൾ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
ദേശീയ തലത്തിൽ മുൻനിര ട്രാവൽ റീട്ടെയ്ൽ കമ്പനിയായി മാറാനാണ് അൽ വാഹ ലഷ്യമിടുന്നത്. സൗദി യാത്രാ റീട്ടെയ്ൽ വ്യവസായത്തിന്റെ വളർച്ച കൂടുതൽ മെച്ചപ്പെടുത്താനും ടൂറിസം മേഖലയ്ക്ക് വലിയ പിന്തുണ നൽകാനും പിഐഎഫ് ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് പിഐഎഫ് മിന ഇൻവെസ്റ്റ് വിഭാഗം കൺസ്യൂമർ ഗൂഡ്സ് ആന്റ് റീട്ടെയ്ൽ മേധാവി മാജിദ് അൽ അസ്സാഫ് പറഞ്ഞു. സൗദി അറേബ്യയിലുടനീളം യാത്രക്കാരുടെ അനുഭവം മികച്ചതാക്കാനും പുതിയൊരു ഡിജിറ്റൽ ഷോപ്പിങ് അനുഭവം നൽകാനുമാണ് അൽ വാഹയുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വലിയ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂറിസം രംഗത്തെ വളർച്ചയും വരാനിരിക്കുന്ന ലോകകപ്പ് ഫൂട്ബോൾ അടക്കമുള്ള വലിയ ആഗോള ഇവന്റുകൾക്കും രാജ്യം സാക്ഷ്യം വഹിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ട്രാവൽ റീട്ടെയ്ൽ മേഖലയിൽ സുസ്ഥിര വരുമാനത്തിനുള്ള പുതിയ അവസരങ്ങളാണുള്ളത്.
രാജ്യത്ത് സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നത് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ്. 2022 ല്‍ നിര്‍മാണം ആരംഭിച്ച റിയാദ് കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് എയർ എന്ന പുതിയ കമ്പനി എന്നിവയടക്കം ടൂറിസം, വ്യോമയാനം, റീട്ടെയില്‍ മേഖലകളില്‍ പിഐഎഫ് നടത്തിയ പ്രധാന നിക്ഷേപങ്ങളുടെ തുടർച്ചയാണ് പുതിയ ഡ്യൂട്ടി ഫ്രീ കമ്പനിയുടെ പ്രഖ്യാപനം. പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കും റിയാദിലെ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. പ്രതിവര്‍ഷം 12 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളത്തില്‍ നിരവധി റീട്ടെയില്‍ സ്റ്റോറുകളും റെസ്റ്റോറന്റുകളും ഉണ്ടായിരിക്കും.
ഗ്രാന്റ് പ്രോജക്ട്‌സ് ഗ്രൂപ്പ്, ചെങ്കടല്‍ തീരത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ജിദ്ദ ആസ്ഥാനമായ ക്രൂയിസ് സൗദി, സൗദി കോഫി കമ്പനി, പ്രീമിയം ഈത്തപ്പഴ ഉൽപ്പാദിപ്പിക്കുന്ന തുറാസ് അല്‍മദീന, ഒട്ടക പാല്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദന, വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സവാനി കമ്പനി എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങളും പിഐഎഫിന്റെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.